വിഴിഞ്ഞം തുറമുഖത്തിനു ചുറ്റുമുയർന്ന വിവാദത്തിരകൾ ഒടുവിൽ ആരുടെ താത്പര്യമാണ് സംരക്ഷിക്കുകയെന്നതാണ് കേരളത്തിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം സുപ്രധാനം. കോർപറേറ്റ്-സർക്കാർ വടംവലി എന്ന നിലയിൽ കണ്ടുരസിക്കാനുള്ള മത്സരമല്ല ഇത്. കടലും തീരവും തീരദേശത്തെ ജനങ്ങളും ചേർന്നൊരു ആവാസവ്യവസ്ഥയുണ്ട്. തുറമുഖം ഉയരുന്നതിനിടയിൽ ബലിയായ മനുഷ്യജീവിതങ്ങളും ജൈവതുലനവുമുണ്ട്. അതു മറന്നുകൊണ്ടാകരുത് സർക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും നിലപാടുകൾ.
തുറമുഖത്തിന്റെ ഓഹരികൾ സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ അദാനി ഗ്രൂപ്പ് മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിക്ക് (എംഎസ്സി) കൈമാറാൻ ശ്രമിച്ചതാണ് പുതിയ വിവാദത്തിനു കാരണം. കരാർ പ്രകാരം ഓഹരികൾ കൈമാറണമെങ്കിൽ സർക്കാരിന്റെ അനുമതി നിർബന്ധമാണ്. ഇതു മറികടക്കാൻ ശ്രമിച്ചത് ഗുരുതരമായ ചട്ടലംഘനമാണ്. സർക്കാർ അറിയാതെയാണ് ഓഹരിക്കൈമാറ്റം നടന്നതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. സർക്കാരിന്റെ അതൃപ്തി അദാനി പോർട്സ് ആൻഡ് സ്പെഷൽ ഇക്കണോമിക് സോൺ ലിമിറ്റഡ് മാനേജ്മെന്റിനെ അറിയിക്കുകയും ചെയ്തു. ഇക്കാര്യം വിശദമായി പരിശോധിക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതിക്ക് നിർദേശവും നല്കി. രാജ്യസുരക്ഷയെ ബാധിക്കുന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും.
ഈ നീക്കം ദുരൂഹമാണെന്നാണ് പ്രതിപക്ഷനേതാവ് പിണറായി വിജയൻ പറയുന്നത്. ഈ ഡീലിനെക്കുറിച്ച് സർക്കാരിനെ അനൗദ്യോഗികമായി അറിയിച്ചിട്ടുണ്ടെന്നാണ് വിവരമെന്നും അദ്ദേഹം പറയുന്നു. ജൂൺ 29ന് ഓഹരിവില്പനക്കരാർ ഒപ്പിട്ടു. അനുമതിക്ക് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി)യെ സമീപിച്ച കാര്യവും പുറത്തുവന്നു. സർക്കാരുമായി എന്തെങ്കിലുമൊരു ഡീൽ ഇല്ലാതെ എങ്ങനെയാണ് അദാനി കമ്പനിക്ക് ഇത്ര ധൈര്യത്തോടെ കാര്യങ്ങൾ നീക്കാനായതെന്നും പിണറായി ചോദിക്കുന്നുണ്ട്.
വാണിജ്യപ്രവർത്തനം തുടങ്ങി ഒരു വർഷം കഴിഞ്ഞാൽ 74 ശതമാനം വരെ ഓഹരി വില്ക്കാമെന്നു സർക്കാരുമായി കരാറുണ്ടെന്നാണ് അദാനി കമ്പനിയുടെ പക്ഷം. ഈ ഓഹരിവില്പനയോടെ തുറമുഖത്തിന്റെ അടുത്ത ഘട്ടങ്ങളുടെ വികസനം വേഗത്തിലാകും, ബാങ്ക് വായ്പയെടുക്കുന്നതിനു പകരം ഓഹരി കൈമാറ്റത്തിലൂടെ വികസനത്തിനു പണം കണ്ടെത്തുകയാണ് എന്നും അദാനിപക്ഷം അവകാശപ്പെടുന്നു. ഇത്രയുമാണ് ഇപ്പോഴത്തെ വിവാദത്തിന്റെ രത്നച്ചുരുക്കം.
സങ്കുചിത രാഷ്ട്രീയവും കോർപറേറ്റ് സ്വാധീനവും മാറ്റിവച്ച് കേരളത്തിന്റെ വികസനവും തീരദേശ ജനതയുടെ നിലനിൽപ്പും മുൻനിർത്തിയാകട്ടേ പരിശോധനകളും വിചിന്തനങ്ങളുമെല്ലാം. ഏറ്റവും പ്രധാനം സർക്കാരും പ്രതിപക്ഷവും നടത്തുന്ന വാക്പോരിന്റെ തിരസ്കരണിയിൽ കേരളത്തിന്റെ താത്പര്യം ഒളിച്ചുകടത്തരുത് എന്നതാണ്. വ്യക്തമായി പറഞ്ഞാൽ ഇരുകൂട്ടരും ഒത്തുകളിച്ച് അദാനിക്കും സംഘത്തിനും നേട്ടമുണ്ടാക്കിക്കൊടുക്കരുത് എന്നുതന്നെ. വളഞ്ഞ വഴിയിലൂടെ വിദേശകമ്പനി നീരാളിയാകുന്നത് അനുവദിക്കരുത്. തുറമുഖത്തിന്റെ കുത്തകവത്കരണം കേരളത്തിന്റെ താത്പര്യത്തിന് വിരുദ്ധമാണ്.
വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ സമരം കൂടുതൽ ലാഭത്തിനുവേണ്ടിയായിരുന്നില്ല. നിലനിൽപ്പിനുവേണ്ടിയായിരുന്നു. അവരുടെ ത്യാഗത്തിന്റെ ഫലം കൂടിയാണ് ഈ തുറമുഖം. ഡ്രഡ്ജിംഗും തുറമുഖനിർമാണവും അവരുടെ ഉപജീവനത്തെ ബാധിച്ചു. മാസങ്ങളോളമാണ് അവർ സെക്രട്ടേറിയറ്റിനു മുന്നിലും തുറമുഖ കവാടത്തിലും സമരം ചെയ്തത്. അശാസ്ത്രീയമായ പുലിമുട്ട് നിർമാണം മൂലം മുതലപ്പൊഴി അഴിമുഖത്ത് ജീവൻ നഷ്ടപ്പെട്ടവരുടെ രക്തസാക്ഷിത്വവും ഇതോടൊപ്പം ചേർത്തുവയ്ക്കേണ്ടതുണ്ട്. എൺപതോളം കുടുംബങ്ങളുടെ കണ്ണീരിന്റെ ചൂട് ഏത് അധികാരസ്ഥാനത്തെയും പൊള്ളിച്ചെന്നിരിക്കും.
വിഴിഞ്ഞം തുറമുഖത്തിന്റെ വികസനത്തിന് ആരും എതിരല്ല. സ്വാഭാവിക ആഴമുള്ള തുറമുഖം എന്നത് വിഴിഞ്ഞത്തിന്റെ സവിശേഷതയാണ്. സമാധാന മേഖലയിലുള്ള തുറമുഖം എന്ന വസ്തുതയും പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്. വിഴിഞ്ഞം തുറമുഖത്തിന്റെയും അദാനി കമ്പനിയുടെയും പ്രധാന ഇടപാടുകാരായ എംഎസ്സി കമ്പനിക്ക് രാജ്യാന്തരതലത്തിലുള്ള പല ചീത്തപ്പേരും തീരുമാനങ്ങളെടുക്കുന്നവർക്ക് ഓർമയുണ്ടാകണം. 900 ചരക്കുകപ്പലുകളുള്ള ലോകത്തെ ഏറ്റവും വലിയ കാർഗോ ഷിപ്പിംഗ് കമ്പനിയാണത്.
ഇറ്റാലിയൻ കുടുംബം നേതൃത്വം വഹിക്കുന്ന, ജനീവ ആസ്ഥാനമായ കമ്പനിക്ക് അനുബന്ധസ്ഥാപനങ്ങളുടെ ശൃംഖല തന്നെയുണ്ട്. മയക്കുമരുന്നുമായി ബന്ധപ്പെട്ട് ഒന്നിലധികം രാജ്യങ്ങളുടെ നിയമസംവിധാനങ്ങൾ എംഎസ്സിയുടെ കപ്പലുകളെ നിരീക്ഷിക്കുന്നതായി ബ്ലൂംബെർഗ് ബിസിനസ് വീക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ കമ്പനിയുടെ പ്രവർത്തനങ്ങൾ ഗൂഢമാണെന്നും സുതാര്യമല്ലെന്നും ഇതേ റിപ്പോർട്ടിലുണ്ട്. കമ്പനിയുമായി ബന്ധപ്പെട്ട സാമ്പത്തിക കാര്യങ്ങളൊന്നും പുറത്തുവിടാറില്ലെന്നും പറയുന്നു.
എംഎസ്സി എൽസ 3 കപ്പൽ മുങ്ങിയതും അനുബന്ധ വിവാദങ്ങളും നമ്മുടെ മുന്നിൽ നടന്നതാണ്. വിഴിഞ്ഞം തുറമുഖത്തുനിന്ന് പുറപ്പെട്ട കപ്പൽ 2025 മേയ് 24നാണ് കൊച്ചി പുറംകടലിൽ അപകടത്തിൽപ്പെടുന്നത്. കപ്പലിലെ കണ്ടെയ്നറുകൾ കടലിൽ വീണു. അതുണ്ടാക്കിയ പരിസ്ഥിതിദുരന്തം ഇപ്പോഴും നിലനില്ക്കുന്നു. കാലങ്ങളോളം നിലനില്ക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. അതു സംബന്ധിച്ച പഠനങ്ങൾക്ക് എന്തു സംഭവിച്ചു? ആരുടെയൊക്കെയോ സഹായത്തോടെ എംഎസ്സി കമ്പനി ഇതെല്ലാം തരണം ചെയ്തതും ആപത് സൂചനയായിത്തന്നെ കാണണം.
വിദേശനിക്ഷേപം വരുന്നതും തുറമുഖം വികസിക്കുന്നതുമൊക്കെ നല്ലതുതന്നെ. ഇവിടത്തെ ഭൂമിയും വിഭവങ്ങളും ഇവിടെ ജീവിക്കുന്ന പാവപ്പെട്ട മനുഷ്യരുടേതാണ് എന്ന ബോധ്യത്തോടെ വേണം പ്രശ്നങ്ങളിൽ ഇടപെടാനും പരിഹരിക്കാനും. കേരളത്തിന്റെ വികസനവും തീരദേശ ജനതയുടെ നിലനില്പ്പും രാജ്യസുരക്ഷയുമാണ് മുഖ്യം. അദാനിയുടെയും വിദേശകൂട്ടാളികളുടെയും ലാഭക്കൊതിയോ ഒളിച്ചുകളിയിലൂടെ ജനത്തെ വിഡ്ഢികളാക്കി രാഷ്ട്രീയക്കാരുണ്ടാക്കുന്ന നേട്ടമോ അല്ല.